2 രാജാക്കന്മാർ 8 : 1 (MOV)
അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.
2 രാജാക്കന്മാർ 8 : 2 (MOV)
ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
2 രാജാക്കന്മാർ 8 : 3 (MOV)
ഏഴു സംവത്സരം കഴിഞ്ഞിട്ടു അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു.
2 രാജാക്കന്മാർ 8 : 4 (MOV)
അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ: എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
2 രാജാക്കന്മാർ 8 : 5 (MOV)
മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നേ അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 8 : 6 (MOV)
രാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
2 രാജാക്കന്മാർ 8 : 7 (MOV)
അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ-ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.
2 രാജാക്കന്മാർ 8 : 8 (MOV)
രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവൻ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
2 രാജാക്കന്മാർ 8 : 9 (MOV)
അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
2 രാജാക്കന്മാർ 8 : 10 (MOV)
നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 8 : 11 (MOV)
പിന്നെ അവന്നു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.
2 രാജാക്കന്മാർ 8 : 12 (MOV)
യജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു.
2 രാജാക്കന്മാർ 8 : 13 (MOV)
ഈ മഹാകാര്യം ചെയ്‍വാൻ നായായിരിക്കുന്ന അടിയൻ എന്തു മാത്രമുള്ളു എന്നു ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 8 : 14 (MOV)
അവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവൻ എന്നോടു പറഞ്ഞു എന്നു അവൻ ഉത്തരംപറഞ്ഞു.
2 രാജാക്കന്മാർ 8 : 15 (MOV)
പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവന്നുപകരം രാജാവായ്തീർന്നു.
2 രാജാക്കന്മാർ 8 : 16 (MOV)
യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.
2 രാജാക്കന്മാർ 8 : 17 (MOV)
അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
2 രാജാക്കന്മാർ 8 : 18 (MOV)
ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
2 രാജാക്കന്മാർ 8 : 19 (MOV)
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.
2 രാജാക്കന്മാർ 8 : 20 (MOV)
അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
2 രാജാക്കന്മാർ 8 : 21 (MOV)
അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.
2 രാജാക്കന്മാർ 8 : 22 (MOV)
അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
2 രാജാക്കന്മാർ 8 : 23 (MOV)
യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
2 രാജാക്കന്മാർ 8 : 24 (MOV)
യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
2 രാജാക്കന്മാർ 8 : 25 (MOV)
യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.
2 രാജാക്കന്മാർ 8 : 26 (MOV)
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
2 രാജാക്കന്മാർ 8 : 27 (MOV)
അവൻ ആഹാബ്ഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
2 രാജാക്കന്മാർ 8 : 28 (MOV)
അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
2 രാജാക്കന്മാർ 8 : 29 (MOV)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29